സിവിൽ പോലീസ് ഓഫീസർ അൻവർ ദാ ഇവിടെ അയർലണ്ടിൽ ഉണ്ട്: റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടിൽ ഐറിഷ് മലയാളി ബിനു ജോസഫ് ലൂക്ക്

Share this

ഡബ്ലിൻ: അയർലണ്ടിലെ ദേശീയ ഉത്സവമായ സെന്റ് പാട്രിക്‌സ് ഡേ ഇന്ന് ആഘോഷിക്കപ്പെടുമ്പോൾ, ഡബ്ലിൻ മലയാളിയായ ബിനു ജോസഫ് ലൂക്കും കുടുംബവും ഇരട്ടി മധുരവുമായി ഈ പാട്രിക്‌സ് ഡേ ആഘോഷത്തിൽ പങ്കുചേരുകയാണ്. തീരുമാനിച്ചിരുന്നതിലും ഒരു ദിവസം മുന്നേ റിലീസിനായി എത്തിയ റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട് മികച്ച  പ്രതികരണങ്ങളുമായി പ്രേക്ഷക ശ്രദ്ധ ആകർഷിക്കുമ്പോൾ, ചിത്രത്തിൽ നായകനായ ദുൽക്കർ സൽമാനുമൊത്ത് ഒരു കോമ്പിനേഷൻ റോൾ ചെയ്തതിന്റെ ത്രില്ലിലാണ് ബിനു ജോസഫ് ലൂക്ക്. സിവിൽ പോലീസ് ഓഫീസർ അൻവർ എന്ന കഥാപാത്രമായാണ് ബിനു ജോസഫ് ലൂക്ക് എത്തുന്നത്.

ഓ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലീവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ‘ക്ലീൻ ത്രില്ലർ’ എന്ന് ഇതിനകം തന്നെ നിരൂപക പ്രശംസ നേടിയിക്കുകയാണ് ഈ ചിത്രം. മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ദുൽഖർ സൽമാൻ, റോഷൻ ആൻഡ്രൂസ്, ബോബി–സഞ്ജയ് കൂട്ടുകെട്ടിന്റെ മികച്ച ചിത്രങ്ങളിലൊന്നാകും സല്യൂട്ട്. ‘മുംബൈ പോലീസ്’ മുതൽ  മിക്ക റോഷൻ ആൻഡ്രൂസ് ചിത്രങ്ങളിലെയും സജീവ സാന്നിധ്യമായി മാറുകയാണ് തിരുവല്ല സ്വദേശിയും ഇപ്പോൾ അയർലണ്ടിൽ പ്രവാസിയുമായ ബിനു ജോസഫ് ലൂക്ക്.

മുംബൈ പോലീസ്, ലേഡീസ് ആൻഡ് ജന്റിൽമാൻ, പ്രതി പൂവൻകോഴി, ബിഗ് ബ്രദർ തുടങ്ങിയ ചിത്രങ്ങളിലാണ്  ബിനു ജോസഫ് ഇതിന് മുൻപ് തന്റെ സാന്നിധ്യമറിയിച്ചത്. അഭിനയവും, സംവിധാനവും ഏറെ ഇഷ്ടപ്പെടുന്ന ബിനു ജോസഫ് അയർലണ്ടിൽ മെഡിക്കൽ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഭാര്യ അനു. മക്കൾ – അലീന, ആഞ്‌ജലീന, ആരോൺ.

Kerala Globe News

 

 


Share this