ഹിന്ദി ഭാഷയുടെ പ്രചാരണ ആഘോഷപരിപാടികളുടെ ഭാഗമായി അയർലൻഡിലെ ഇന്ത്യൻ എംബസി, ഹിന്ദി പ്രചാരണ പരിപാടികൾ ഫേസ്ബുക്കിൽ നടത്തുന്നുണ്ട്. ഇന്ത്യയിലെ മറ്റു ഭാഷകളെ അപേക്ഷിച്ച് ഹിന്ദി ഭാഷയ്ക്ക് മാത്രമായി നൽകിവരുന്ന ഇത്തരം പ്രചരണങ്ങളൊടുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഫേസ്ബുക്കിൽ തുടങ്ങിയിരിക്കുന്ന പുതിയ ക്യാമ്പയിൻ ആണ് സ്റ്റോപ്പ് ഹിന്ദി ഇമ്പോസിഷൻ ക്യാമ്പയിൻ.
സ്വതന്ത്ര ഭാരതത്തിൽ അംഗീകരിച്ചിരിക്കുന്ന ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നു മാത്രമായ ഹിന്ദി ഭാഷയ്ക്ക് നൽകിവരുന്ന അമിത പ്രാതിനിധ്യവും, പ്രചാരണ പരിപാടികളും ആണ് ഈ എതിർപ്പിന്റെ മൂലാധാരം. ഈയടുത്തകാലത്തായി ഭരണസിരാ കേന്ദ്രങ്ങളിലും, ഭരണരംഗത്തും, എന്തിന് വിമാനത്താവളങ്ങളിൽ പോലും ഹിന്ദി ഭാഷയെ പറ്റിയുള്ള വിവാദങ്ങൾ അരങ്ങേറുകയുണ്ടായി.
ഹിന്ദി ഭാഷ അറിയില്ലേ എന്ന് തമിഴ്നാട്ടിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനോട് ചോദിച്ച വിവാദവും, കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആയുഷ് എന്ന ആരോഗ്യ വിഭാഗത്തിൻറെ ഓൺലൈൻ ക്ലാസിൽ ഉണ്ടായ വിവാദവും, എല്ലാം തന്നെ അടുത്തകാലത്തായി ഹിന്ദിക്ക് നൽകിവരുന്ന അമിതപ്രാധാന്യം ചൂണ്ടിക്കാണിക്കുന്നതാണ്.
സ്വതന്ത്രാനന്തര ഇന്ത്യയിൽ പൊതുവായ ഒരു ആശയവിനിമയ ഉപാധി എന്ന തരത്തിൽ ഹിന്ദിയെ വളർത്തിയെടുക്കുന്നതിന് ഒരുകാലത്തും എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ പിന്നീടങ്ങോട്ട് ഹിന്ദിക്ക് അമിതപ്രാധാന്യം നൽകുകയും, ഒരു രാഷ്ട്ര ഭാഷയായി ഹിന്ദി പരിണമിക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് തെന്നിന്ത്യൻ സംസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ എതിർപ്പുകൾ ഉയർന്നത്.
സ്വതന്ത്രാനന്തര ഭാരതത്തിൽ ഭാഷയുടെ പേരിൽ പല പ്രക്ഷോഭങ്ങൾ കണ്ടിരുന്നെങ്കിലും, ഒരു പ്രത്യേക ഭാഷയ്ക്ക് എതിരെയുള്ള നിലയിൽ പ്രക്ഷോഭങ്ങൾ ഉണ്ടായത് ഹിന്ദി ഭാഷയ്ക്ക് എതിരെ മാത്രമായിരുന്നു. പ്രത്യേകിച്ച് തെന്നിന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട് കർണാടക മുതലായവയിൽ അത് അതിതീവ്ര മായിരുന്നു
ഹിന്ദി ഭാഷയ്ക്കും മുമ്പ് തന്നെ വിശേഷ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച പല ഭാഷകളും ഇന്ത്യയിൽ ഉണ്ടെങ്കിലും, അതിനെല്ലാമുപരി ഹിന്ദി ഭാഷയ്ക്ക് ഇപ്പോൾ നൽകിവരുന്ന പ്രാധാന്യം മറ്റു ഭാഷകൾ ഉപയോഗിക്കുന്നവരെ തീർത്തും അലോസരപ്പെടുത്തുന്നു.
ഇന്ത്യയിലെ മറ്റു ഭാഷ പ്രേമികൾ ആരുംതന്നെ ഹിന്ദി ഭാഷയ്ക്ക് എതിരല്ല, എന്നാൽ ഹിന്ദി ഭാഷയ്ക്ക് ലഭിക്കുന്ന അതേ പ്രാതിനിധ്യവും അംഗീകാരവും തങ്ങളുടെ മാതൃഭാഷകൾക്കും ലഭിക്കണം എന്നുള്ളതാണ് അവരുയർത്തുന്ന വാദത്തിന് അടിസ്ഥാനം. ഹിന്ദി മാത്രമല്ല ഇന്ത്യയിലെ എല്ലാ ഭാഷകൾക്കും തുല്യമായ അംഗീകാരവും പ്രാതിനിധ്യവും നൽകണം എന്നുള്ളത് തന്നെയാണ് ഈ വിവാദങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഈ വിവാദം ഒരു ഭാഷയ്ക്ക് എതിരല്ല മറിച്ച് എല്ലാ ഭാഷകൾക്കും വേണ്ടിയുള്ളതാണ്.
Stop Hindi Imposition link താഴെക്കൊടുത്തിരിക്കുന്നു.
Author: Anoop Joseph